രുചി

കതകില്‍ കൊട്ട് കേട്ടു, മൂന്ന് തവണ, താളത്തിലുള്ള കൊട്ട്. ഭക്ഷണം തയ്യാറായി എന്നുള്ള അറിയിപ്പാണ്. മുന്നിലെ ക്യാന്‍വാസ് ഇപ്പോഴും ശൂന്യം, വലതുകയ്യിലെ വരണ്ട വിരലുകള്‍ക്കിടയിലൂടെ ബ്രഷ് ചലിച്ചുകൊണ്ടിരുന്നു, ചൂണ്ടുവിരലില്‍ നിന്ന് ചെറുവിരലിലേക്ക് അവിടെ നിന്ന് വീണ്ടും തിരികെ. ഈ അവസ്ഥയില്‍ വരയ്ക്കാന്‍ കഴിയും എന്ന് ചിന്തിച്ചത് തന്നെ മണ്ടത്തരമായിപ്പോയെന്നു തോന്നി. ഒരു പക്ഷേ ബ്രഷ് കയ്യിലെടുക്കാനുള്ള ഒരാഗ്രഹം മാത്രമായിരിക്കാം. തൊട്ടടുത്ത് ബ്രഷിലേക്ക് പടര്‍ന്നു കയറി ക്യാന്‍വാസിലേക്ക് ചിത്രങ്ങളായി തീരാന്‍ കൊതിച്ചു ചായക്കൂട്ടുകള്‍, അതിനപ്പുറത്തായി കോപ്പയില്‍ നിറച്ചുവച്ച ചൂടും, രസവും നഷ്ടപ്പെട്ട കട്ടിയുള്ള ആട്ടിന്‍സൂപ്പും, ഈച്ചകള്‍ കയ്യടക്കിയ റൊട്ടി കഷണങ്ങളും.

ഭക്ഷണം പാകമാകുമ്പോള്‍ കതകില്‍ മുട്ടിയാല്‍ മതിയെന്ന് തെരേസ്സയോടു ഞാന്‍ തന്നെയാണ് പറഞ്ഞത്. പക്ഷെ താളത്തിലുള്ള ആ മൂന്നു കൊട്ട് അത് അവളുടെ തന്നെ കണ്ടുപിടിത്തമാണ്. തെരേസ്സ എന്നുമുതലാണ് മമ്മയോടൊപ്പം കൂടിയതെന്നറിയില്ല, ഓര്‍മ്മ വച്ച കാലം മുതല്‍ അവളെ കാണുന്നതാണ്. ഒരു ഭൃത്യയെക്കാളുപരി സഹോദരിയോടെന്ന പോലെയാണ് മമ്മ എന്നും അവളോട് പെരുമാറിയിട്ടുള്ളത്‌. തെരേസ്സ തിരിച്ചും അതുപോലെ തന്നെ. എന്നിട്ടുപോലും അവസാനനാളുകളില്‍ മമ്മ അവളോട്‌ പോലും സംസാരിച്ചിരുന്നില്ല. വാക്കുകള്‍ കൊണ്ട് സംസാരിച്ചിരുന്നില്ല എന്ന് പറയുന്നതാകും കുറേക്കൂടി ഉചിതം. അവരുടെ കണ്ണുകള്‍ അപ്പോഴും സംസാരിച്ചു, ആരെയും ഭയക്കാതെ! മമ്മയുടെ മരണശേഷം, തെരേസ്സയെ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നിട്ടുണ്ട്, അവരുടെ ഭാഷ മനസ്സിലാക്കാന്‍, മമ്മയെ പോലെ കണ്ണുകളിലൂടെ അവളോട് സംസാരിക്കാന്‍. തെരേസ്സയുടെ കണ്ണുകള്‍ നിര്‍ജ്ജീവമാണ് കരിമഷി പുരളാത്ത, ചെറിയ നിര്‍ജ്ജീവമായ കണ്ണുകള്‍. അവയില്‍ ഞാന്‍ കണ്ടത് സഹതാപമായിരുന്നു, ഒപ്പം ഭയവും!

ശബ്ദമുണ്ടാക്കാതെ പതിയെ എഴുന്നേറ്റ് വാതില്‍ തുറന്നു. തടികൊണ്ടുള്ള ചെറിയ വട്ടമേശയില്‍ ഭക്ഷണവും വൈനും വച്ചിട്ടുണ്ട്. അതെടുത്ത് മുറിയിലേക്ക് തിരിച്ചുവന്നു. മൊരിച്ചെടുത്ത കടമാനിന്‍റെ മാംസവും, ഉരുളക്കിഴങ്ങും ഒപ്പം പാതി വെന്ത പച്ചക്കറികളും! ഇളം ചുവപ്പ് നിറത്തിലുള്ള മാംസത്തിലേക്ക് വിരല്‍ കൊണ്ട് ഒന്ന് കുത്തിനോക്കി. അധികമായിട്ടില്ല, രാത്രി റിച്ചാര്‍ഡ്‌ വേട്ടയ്ക്ക് പോയിട്ടുണ്ടായിരുന്നു എന്നര്‍ത്ഥം. ഫലം എന്താകുമെന്നു ഉറപ്പുണ്ടായിരുന്നിട്ടും, കത്തികൊണ്ട് മാംസത്തിന്‍റെ ഒരു ചെറിയ കഷ്ണം ഞാന്‍ മുറിച്ചെടുത്തു, മുള്ളു കൊണ്ട് കുത്തിയെടുത്ത് അത് വായിലേക്കിട്ടു. ഏതാനും നിമിഷങ്ങള്‍ ദന്തങ്ങളും നാവും ഒരുപോലെ പരിശ്രമിച്ചു, ഫലമില്ല. പിഞ്ഞാണത്തിലേക്ക് തന്നെ അത് തിരികെ തുപ്പി. മമ്മ മരണപ്പെട്ടിട്ടു ഇന്നേയ്ക്ക് അഞ്ചു ദിവസങ്ങള്‍ തികയുന്നു, നാവിന്‍റെ രുചി നഷ്ടമായിട്ടും കൃത്യം അഞ്ചു ദിവസങ്ങള്‍! പാചകത്തില്‍ മമ്മയെ കവച്ചുവയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല. റിച്ചാര്‍ഡ്‌ മമ്മയുമായി പ്രണയത്തിലായതുപോലും ഒരു ലെമണ്‍ കേക്കിനു പുറത്താണത്രേ. അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ലെമണ്‍ കേക്ക്. മമ്മ മനോഹരമായി അത് പാകം ചെയ്യും, പിസ്താഷിയോയും അണ്ടിപ്പരിപ്പും നിറഞ്ഞ, നേരിയ റമ്മിന്‍റെ രുചിയുള്ള ലെമണ്‍ കേക്ക്. ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയും, എത്രയോ തവണ മമ്മയുടെ കയ്യില്‍ നിന്ന് അത് കഴിച്ചിരിക്കുന്നു. പക്ഷേ അന്ന് ഒരു ദിവസത്തേക്കെങ്കിലും മമ്മ അത് മോശമായി ഉണ്ടാക്കിയിരുന്നെങ്കിലെന്നു ഞാന്‍ ആശിച്ചുപോകുന്നു. അങ്ങനെയെങ്കില്‍ അയാള്‍ ഒരുപക്ഷേ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുമായിരുന്നില്ല, മമ്മ ഇന്ന് ജീവനോടെയുണ്ടാകുമായിരുന്നു!

കടമാന്‍ മാംസം പ്രാതലിനു ലഭിച്ച സൂപ്പിനു അടുത്തായി തന്നെ സ്ഥാപിക്കപ്പെട്ടു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ തെരേസ്സ മുറി വൃത്തിയാക്കാനെത്തും. പതിവുപോലെ പാത്രത്തിലെ ഭക്ഷണം പേപ്പര്‍ കൊണ്ട് ഉള്‍വശം പൊതിഞ്ഞ ചെറിയ കുപ്പയിലേക്ക് മാറ്റും, പിന്നെ സഹതാപത്തോടെ എന്നെ നോക്കും. സംസാരിക്കാന്‍ അവള്‍ക്ക് അവകാശമില്ല, മാര്‍ഗരറ്റ് എല്ലാം ശ്രദ്ധിച്ചു പുറത്ത് നില്‍ക്കുന്നുണ്ടാകും. കഴിഞ്ഞ അഞ്ചു ദിവസങ്ങളായുള്ള പതിവാണിത്.  മമ്മയെ മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മുന്നിലെത്തുന്ന ഭക്ഷണമാണ് എന്നെ പരാജയപ്പെടുത്തുന്നത്. മമ്മ സ്നേഹം പ്രകടിപ്പിച്ചത് എന്നും ഭക്ഷണത്തിലൂടെയായിരുന്നു. കുട്ടിക്കാലത്തെക്കുറിച്ചുള്ള എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് തന്നെ ഗ്രാന്‍ഡ്‌പായുടെ പട്ടാളകഥകളിലും മമ്മയുടെ രുചിയേറിയ വിഭവങ്ങളിലുമാണ് വെണ്ണയില്‍ മൊരിച്ചെടുത്ത റൊട്ടി പഞ്ചസാരചേര്‍ത്ത പാലില്‍ മുക്കി മമ്മയുടെ കയ്യില്‍ നിന്ന്‍ കടിച്ചെടുത്ത് നേരെ ഗ്രാന്‍ഡ്‌പായുടെ അടുത്തേക്കോടും, കഥകേള്‍ക്കാന്‍! കഥയ്ക്കിടയില്‍ കത്തി കൊണ്ട് സ്വന്തം ഭക്ഷണം കുത്തിയെടുക്കാനായി ഗ്രാന്‍ഡ്‌പാ ഒന്ന് നിര്‍ത്തും, ആ നേരം തിരികെ വീണ്ടും മമ്മയുടെ അടുത്തേയ്ക്കോടും, പാലില്‍ കുതിര്‍ന്ന റൊട്ടികഷണങ്ങള്‍ക്കായി! വര്‍ഷങ്ങള്‍ കഴിയുന്തോറും പാചകത്തിലുള്ള മമ്മയുടെ കഴിവ് കൂടിവരുന്നതായിട്ടാണ് തോന്നിയിട്ടുള്ളത് പുതിയ വിഭവങ്ങള്‍, വേറിട്ട രുചികള്‍!

താഴെ റിച്ചാര്‍ഡിന്‍റെ ശബ്ദം കേട്ടു, സാധാരണ പകല്‍നേരങ്ങളില്‍ വീട്ടിലുണ്ടാകാറില്ല. മാര്‍ഗരറ്റിനെ അയാള്‍ വീട്ടിലേക്ക് കൊണ്ടുവന്നതിനു ശേഷമാണ് കൂടുതല്‍ നേരം വീട്ടില്‍ ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഒഴിഞ്ഞ ക്യാന്‍വാസിലൂടെ ഞാന്‍ വിരലുകളോടിച്ചു. മമ്മയുടെ ഒരു ചിത്രം വരക്കാന്‍ കഴിഞ്ഞെങ്കിലെന്ന് മനസ്സ് ആഗ്രഹിച്ചു. മമ്മയുടെ പുഞ്ചിരി, കണ്ണിലെ തിളക്കം ഒക്കെ മനസ്സില്‍ തെളിഞ്ഞു. ഞാന്‍ പതിയെ കണ്ണുകളടച്ചു. മുടിനാരുകളിലൂടെ മമ്മയുടെ നിര്‍മ്മലമായ കൈകള്‍ ഒഴുകി നീങ്ങുന്നത്പോലെ..

എത്ര നേരം ഉറങ്ങിയെന്നറിയില്ല, കതകിലെ കൊട്ട് തന്നെയാണ് വീണ്ടും വിളിച്ചുണര്‍ത്തിയത്. പക്ഷെ കൊട്ടിന് താളമില്ല, ശക്തമായ നിര്‍ത്താത്ത കൊട്ട്. ഞാന്‍ വാതില്‍ തുറന്നു. മുന്നില്‍ മാര്‍ഗരറ്റ്, അവള്‍ക്ക് പുറകില്‍ ഗോവണിയില്‍ കൈകള്‍ താങ്ങി റിച്ചാര്‍ഡ്‌. അയാള്‍ പെട്ടെന്ന്‍ മുഖം തിരിച്ചു കളഞ്ഞു.

മാര്‍ഗരറ്റ് സംസാരിച്ചു

“നീ ഭക്ഷണം കഴിക്കാറില്ലെന്നു തെരേസ്സ പറഞ്ഞു.” മറുപടിക്കായി ഒരു നിമിഷം അവള്‍ കാത്തു

“നിന്‍റെ ആരോഗ്യം നോക്കേണ്ടത് ഞങ്ങളുടെയും കൂടി ആവശ്യമാണ്‌. പട്ടിണി കിടന്ന് നീ ചത്താല്‍, നാളെ നിന്നെയും കൊന്നത് ഞങ്ങളാണെന്ന് ഇന്നാട്ടുകാര്‍ പറയും. നശിച്ച കൂട്ടങ്ങള്‍”

ഞാന്‍ പെട്ടെന്ന് തലയുയര്‍ത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി. അവള്‍ മുഖം തിരിച്ചു കളഞ്ഞു, എന്നിട്ട് വട്ട മേശയിലേക്ക്‌ ചൂണ്ടി പറഞ്ഞു.

“ഞാനുണ്ടാക്കിയ പുഡിംഗ് ആണ്. ഇത് നീ എന്തായാലും കഴിക്കണം.”

ഞാന്‍ മറുപടി പറഞ്ഞില്ല. ഈ വലിയ ബംഗ്ലാവിനുള്ളില്‍ കട്ടി പിടിച്ചു നില്‍ക്കുന്ന വായു പോലും എന്‍റെ ശബ്ദത്തെ നിരസിച്ചേക്കും. അതിന്‍റെ ആവശ്യകത ഇവിടെയില്ല

തിരിഞ്ഞു നടക്കാന്‍ നേരം മാര്‍ഗരറ്റ് പറഞ്ഞു.

“നിനക്ക് വേണ്ടി മാത്രമാണ് ഇപ്പോള്‍ തെരേസ്സയെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്. നിന്‍റെ ആരോഗ്യം ശ്രദ്ധിക്കാന്‍ അവള്‍ക്ക് കഴിയുന്നില്ലെങ്കില്‍ പിന്നെ അവള്‍ ഇവിടെ നില്‍ക്കേണ്ട ആവശ്യമില്ല.”

മാര്‍ഗരറ്റിന് പിന്നാലെ റിച്ചാര്‍ഡ്‌ നടന്നു. എനിക്ക് നേരം ഒന്ന് നോക്കാന്‍ പോലും അയാള്‍ കൂട്ടാക്കിയില്ല. കുറ്റബോധമാകണം! നടന്ന സംഭവങ്ങളെ പറ്റിയുള്ള കുറ്റബോധമോ അതോ ഇനി നടക്കാന്‍ പോകുന്നതിന്‍റെയോ?

നാലു ചുവരുകളും ഒരു വാതിലും നല്‍കുന്ന അഭയത്തിലേക്ക് തിരികെയെത്തിയപ്പോള്‍ ഒരു സമാധാനം തോന്നി. തെരേസ്സയൊഴികെ മറ്റാരുടേയും രൂപം കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല, പ്രത്യേകിച്ചും എന്‍റെ രണ്ടാനമ്മയുടെയും രണ്ടാനച്ഛന്റെയും! മുന്നിലിരിക്കുന്ന വിഭവത്തെ ഞാന്‍ സസൂക്ഷ്മം വീക്ഷിച്ചു. പുഡിംഗ് എന്നാണു മാര്‍ഗരറ്റ് അവകാശപ്പെട്ടത്. വരണ്ടരൂപത്തില്‍ കൃത്യമായ ആകൃതി പോലും നഷ്ടപ്പെട്ട ഒരു വസ്തു. സ്പൂണ്‍ കൊണ്ട് ഞാന്‍ അതിന്‍റെ ഒരു വശത്തു തട്ടിനോക്കി, ഒരനക്കവുമില്ല. ഇതെങ്കിലും അവള്‍ക്ക് നന്നായി ഉണ്ടാക്കാമായിരുന്നു, ഒന്നുമില്ലെങ്കിലും ഒരു വലിയ കൃത്യം നിര്‍വഹിക്കേണ്ട കടമ ഈ പുഡിംഗിനില്ലേ? മമ്മ ഓറഞ്ച് നിറത്തിലുള്ള ഒരു  കസ്റ്റാർഡ് പുഡിംഗ് ഉണ്ടാക്കാറുണ്ട്.
 അതിന്‍റെ വക്കുകളില്‍ സ്പൂണ്‍ കൊണ്ട് തട്ടുമ്പോള്‍ ചെറുതായി ഒന്നിളകും. കുസൃതിയുള്ള ഒരു കുഞ്ഞു കുലുക്കം. തൊടുമ്പോള്‍ തന്നെ സ്പൂണിലേക്ക് അടര്‍ന്നു വീഴുന്ന മുകളില്‍ പഞ്ചസാര കരിച്ചുണ്ടാക്കുന്ന കാരമലോടുകൂടിയ ഉഗ്രന്‍ കസ്റ്റാർഡ്.  നാവിലേക്ക് അലിഞ്ഞിറങ്ങുന്ന മമ്മയുടെ സ്നേഹം.

മാര്‍ഗരറ്റിന്‍റെ പുഡിംഗിന്‍റെ ഒരു ചെറിയ ഭാഗം സ്പൂണ്‍ കൊണ്ട് ബലം പ്രയോഗിച്ചു അടര്‍ത്തിയെടുത്ത് വായിലേക്കിട്ടു. നാവിനെ രുചി നോക്കാന്‍ അനുവദിക്കാതെ ഞാനത് വിഴുങ്ങി. മമ്മയെപ്പോലെ അതിലവള്‍ ചേര്‍ത്തിട്ടുള്ളത് സ്നേഹമല്ല എന്നെനിക്കറിയാം, വ്യക്തമായിട്ടറിയാം. അധികം ചിന്തകളെ തലച്ചോറിലേക്ക് കടന്നുകയറാന്‍ അനുവദിക്കാതെ. തിരികെ കട്ടിലിലേക്ക് തന്നെ മടങ്ങി, ശേഷം കട്ടിയുള്ള പുതപ്പ് കൊണ്ട് ഞാന്‍ എന്‍റെ കാഴ്ചയെ മൂടി.

***

കട്ടിലില്‍ കൊട്ട് കേട്ടില്ല, ആരും വിളിച്ചുണര്‍ത്തിയുമില്ല. എങ്ങനെയാണ് ഉണര്‍ന്നതെന്ന് പിന്നോട്ട് ചിന്തിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. കാരണം എന്‍റെ കണ്ണുകള്‍ മുന്നിലെ കാഴ്ചയില്‍ തറച്ചു നില്‍ക്കുകയായിരുന്നു. തീന്മേശ നിറഞ്ഞിരുന്നു. മേശയുടെ ഒത്ത നടുക്ക് ഓറഞ്ച് നിറത്തിൽ ഇളകിയാടുന്ന കസ്റ്റാർഡ് പുഡിംഗ് അതിനു ചുറ്റും പലതരം വിഭവങ്ങള്‍! ഒരുഭാഗത്ത് ചുട്ടെടുത്ത കോഴിക്കാലുകളും, മൊരിച്ചെടുത്ത ആട്ടിന്‍റെ വാരിയെല്ലും,  തീയില്‍ ചുട്ട പൈനാപ്പിള്‍ കഷണങ്ങള്‍ കൊണ്ടലങ്കരിച്ച പന്നിയിറച്ചിയും. മറ്റൊരു ഭാഗത്ത് ചെസ്നട്ടുകളും, പ്ലം പുഡിംഗും പിന്നെ മുകളില്‍ ബെറിപ്പഴങ്ങളും സ്ട്രോബറിയും നിറച്ച വലിയ ചോക്ലേറ്റ് കേക്കും. മേശയുടെ ഒരു മൂലയില്‍ കൂനപോലെ ബിസ്ക്കറ്റുകളും സോസേജും റൊട്ടിയും അപ്പവും കൂട്ടിയിട്ടിരിക്കുന്നു. അതിനടുത്തായി കുരുമുളകിന്‍റെ മണമുള്ള വരട്ടിയ താറാവും, കട്ടിയുള്ള തക്കാളി ചാറില്‍ മുങ്ങിയ മാട്ടിറച്ചിയും. അതിനും എതിര്‍വശത്തായി പകുതിവെന്ത കാരറ്റും, ഉരുളക്കിഴങ്ങും, പയറു വര്‍ഗ്ഗങ്ങളും,  പിന്നെ അവിച്ചെടുത്ത കാടമുട്ടകള്‍ മുറിച്ചു മുകളില്‍ നിരത്തിയ പച്ചക്കറി സാലഡും. മുന്നിലെ സദ്യയുടെ ഗന്ധം എന്‍റെ നാസാഗഹരങ്ങളിലെക്ക് അടിച്ചുകയറി, മമ്മയുണ്ടാക്കിയ ഭക്ഷണത്തിന്‍റെ ഗന്ധം! കണ്ണടച്ചു ഞാനത് ആസ്വദിച്ചു. കണ്ണുതുറന്നത് തൊട്ടുമുന്നിലെ കാന്‍വാസിലേക്കാണ്. മമ്മയുടെ ചിത്രം! എന്നെ നോക്കി പുഞ്ചിരിക്കുന്ന മമ്മയുടെ ചിത്രം. കരിമഷി പുരണ്ട ഭംഗിയുള്ള മമ്മയുടെ കണ്ണുകള്‍ ഒന്നനങ്ങി. മുന്നിലേക്ക് വീണുകിടക്കുന്ന മമ്മയുടെ ആ ചെറിയ ചുരുളന്‍ മുടിനാരു കാറ്റില്‍ ആടിക്കളിച്ചു. മമ്മ കാന്‍വാസില്‍ നിന്ന് എനിക്ക് നേരെ കൈ നീട്ടി, എന്‍റെ വരണ്ട കൈ വിരലുകള്‍ ഞാന്‍ മുന്നിലേക്കുയര്‍ത്തി, മമ്മ എന്‍റെ കരം ഗ്രഹിച്ചു. നിര്‍മ്മലമായ മാര്‍ദ്ദവമായ സ്പര്‍ശം! എനിക്ക് ചുറ്റും ചായങ്ങള്‍ നൃത്തം ചെയ്തു, കയ്യെത്തും ദൂരത്തായി താരകങ്ങള്‍ വെട്ടിത്തിളങ്ങി. സ്വര്‍ണം പൂശിയ പവനന്‍ ദിശയറിയാതെ മന്ദമായി വീശി.  ഞാന്‍ മുന്നിലേക്ക് നടന്നു. പതിയെ മുന്നിലേക്ക്, മമ്മയുടെ ലോകത്തേക്ക്, സ്നേഹത്തിന്‍റെ ലോകത്തേക്ക്, രുചിയുടെ ലോകത്തേക്ക്!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s