തങ്കച്ചന്‍ കഥകള്‍ 7

കിഡ്നാപ്പിംഗ് – 1

“നാരായണന്‍ നമ്പൂതിരിയെ കാണാനില്ല…”

കിതച്ചുകൊണ്ട് കാലന്‍ കുടയില്‍ താങ്ങിനിന്ന് ശോശാമ്മ ചേട്ടത്തി പറഞ്ഞൊപ്പിച്ചു. തങ്കച്ചനും ലക്ഷ്മണനും വാ പൊളിച്ചു നിന്നു. ലക്ഷ്മണന് ശോശാമ്മ ചേട്ടത്തി പറഞ്ഞത് ഒന്നുകൂടി ഉറപ്പിക്കണമെന്നു തോന്നി.

“എന്താ?!”

നീട്ടിയൊന്ന് ശ്വാസമെടുത്തിട്ട് ചേട്ടത്തി പറഞ്ഞു തുടങ്ങി.

“നമ്മുടെ നാരായണന്‍ നമ്പൂതിരിയെ കാണാനില്ലെന്ന്. ഇന്നലത്തെ പശു പ്രശ്നത്തിനു ശേഷം പുള്ളിക്കാരനെ ആരും കണ്ടിട്ടില്ല! വീട്ടിലും ചെന്നിട്ടില്ല!!”

ലക്ഷ്മണന്‍ അന്തം വിട്ടു “അയാള്‍ ഇതെവിടെപോയി?”

“അത് ശരി അതെന്നോടാന്നോ ചോദിക്കുന്നെ, നിങ്ങളല്ലേ അവസാനം കണ്ടത്”

സാവധാനം സംഭവത്തിന്‍റെ ഗൗരവാവസ്ഥ ലക്ഷ്മണന് മനസ്സിലായിത്തുടങ്ങി. ഇന്നലെ പശു മോഷണത്തിന്‍റെ രഹസ്യം പറഞ്ഞ ശേഷം നമ്പൂതിരിയെ ആരും കണ്ടിട്ടില്ല! അതായത് തങ്കച്ചനും താനുമാണ് അവസാനമായി നമ്പൂതിരിയെ കണ്ടിരിക്കുന്നത്. അതാണ് ചേട്ടത്തി ഓടിപ്പാഞ്ഞു ഇങ്ങോട്ട് തന്നെ വരാന്‍ കാരണം. ഒരു സമാധാനം കൊടുക്കേണ്ട ബാധ്യതയും ഇപ്പൊ തങ്ങളുടെ തലയിലാണെന്ന് സാരം. ലക്ഷ്മണന്‍ തങ്കച്ചനെയൊന്നു പാളി നോക്കി. തങ്കച്ചനും തിരിച്ചൊന്നു നോക്കി, അന്തംവിട്ടുള്ള തുറിച്ചു നോട്ടം. നോട്ടം കണ്ടാല്‍ നമ്പൂതിരിയെ താനേതോ നിലവറയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് തോന്നും.

ഹൊ, രണ്ടു ദിവസം മുന്‍പ് വരെ എന്തൊരു പ്രശാന്തസുന്തരമായ ഗ്രാമമായിരുന്നു. ഏത് നേരത്താണാവോ ആ വീട് വാടകയ്ക്ക് കൊടുക്കാന്‍ തോന്നിയത്. ഹാ, എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ. ലക്ഷ്മണന്‍ നിസ്സഹായതയോടെ ശോശാമ്മ ചേട്ടത്തിയെ നോക്കി. ചേട്ടത്തിയാണെങ്കില്‍ താനിപ്പോ നമ്പൂതിരിയെ എടുത്തു കൊടുക്കുന്നതും പ്രതീക്ഷിച്ചു നില്‍പ്പാണ്. അനുനയത്തില്‍ ലക്ഷ്മണന്‍ പറഞ്ഞു

“ഞാനും പിന്നെ കണ്ടിട്ടില്ല ചേടത്തി” പിന്നെ തങ്കച്ചനു നേരെ നോക്കി. തങ്കച്ചന്‍ ‘ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ’ എന്നൊരു ഭാവം മുഖത്ത് വരുത്തി കൈ മലര്‍ത്തി.

“പിന്നെ അങ്ങേരിതെവിടെപ്പോയി” ശോശാമ്മ ചേട്ടത്തി ആകുലതയായി.

“അങ്ങേരുടെ ഭാര്യ ദാ, നിങ്ങടെ വാടകവീട്ടില്‍ വന്നിരിക്കുവാ, അവരോടു ഇനിയിപ്പോ എന്തോ സമാധാനം പറയും? പാവത്തിന് ഇപ്പൊ ആകെ കഷ്ടകാലമാണെന്നാ തോന്നുന്നത്. ആദ്യം മോഷണം ഇപ്പൊ ദെ കിഡ്നാപ്പിംഗ്”

ലക്ഷ്മണന്‍ ഒന്ന് ഞെട്ടി

“കിഡ്നാപ്പിംഗോ!! എന്‍റെ പൊന്നു ചേടത്തി കിഡ്നാപ്പിംഗ് എന്നൊന്നും പറയല്ലേ. അങ്ങേരു മിക്കവാറും എവിടെയെങ്കിലും വെള്ളമടിച്ചു കിറുങ്ങി കിടക്കുന്നുണ്ടാകും”

“വെള്ളമടിക്കാനോ? നമ്പൂതിരിയോ? മദ്യം കൈ കൊണ്ട് തൊടാത്ത മനുഷ്യനാ”

തങ്കച്ചന്‍ ലക്ഷ്മണനെ നോക്കി മീശ വിറപ്പിച്ചു. ‘രഹസ്യമാണ്, പുറത്തുവിടരുത്’ അതാണ്‌ ആ മീശ വിറപ്പിക്കലിന്‍റെ അര്‍ത്ഥം. ലക്ഷ്മണന്‍ അത് അനുസരിച്ചു. ശോശാമ്മ ചേട്ടതിയോടൊപ്പം ഇരുവരും തിരികെ വീട്ടിലേക്ക് വച്ചുപിടിച്ചു.

***

വീടിന്‍റെ ഉമ്മറപ്പടിയില്‍ തലയ്ക്ക് കയ്യും കൊടുത്തിരിപ്പാണ് നമ്പൂതിരിയുടെ അന്തര്‍ജ്ജനം സാവിത്രിയമ്മ. മൂവര്‍സംഘത്തിനെ കണ്ടയുടനെ അന്തര്‍ജ്ജനം കരച്ചില്‍ തുടങ്ങി. കരയുന്ന നാരിയെ സമാധാനിപ്പികുകയെന്ന ശ്രമകരമായ ദൗത്യം ശോശാമ്മ ചേട്ടത്തി ഏറ്റെടുത്തു.

“അദേഹത്തിന് എന്തോ പറ്റിയതാ ചേട്ടത്തി. ഇത്രേം നേരമൊന്നും മാറിനില്‍ക്കാന്‍ അദേഹത്തിനാവില്യ. ഈശ്വരചിന്ത മാത്രമുള്ള മനുഷ്യനാ, എന്നിട്ടും ഈ ഗതി വന്നല്ലോ, എന്‍റെ കൃഷ്ണാ”

ശോശാമ്മ ചേട്ടത്തി അന്തര്‍ജനത്തിനെ സമാധാനിപ്പിക്കാന്‍ സര്‍വ്വശ്രമവും നടത്തി

“നീയൊന്നു സമാധാനിക്ക് കൊച്ചെ. നാരായണന്‍ വല്ല കൂട്ടുകാരുടെയോ മറ്റോ വീട്ടില്‍ പോയതായിരിക്കും.”

“അങ്ങനെയൊന്നും പോകില്യ ചേടത്തി. മംഗല്യം കഴിഞ്ഞിട്ട് ഇന്നേവരെ അദ്ദേഹം ഒരു രാത്രി മാറിക്കെടന്നിട്ടില്യ”

കരച്ചിലിനിടയിലും അന്തര്‍ജനത്തിന്‍റെ മുഖത്ത് ഒരു നിമിഷത്തേക്ക് നാണം മിന്നിമാഞ്ഞു.

“ഇത് മറ്റെന്തോ പറ്റിയതാ. ദേ ഇവരോട് തന്നെ ചോദിച്ചേ. ഇവരല്ലേ അവസാനം അദ്ദേഹത്തെ കണ്ടേ..”

ലക്ഷ്മണന്‍ ഒന്ന് ഞെട്ടി. എന്തു പറയണമെന്നറിയാതെ വാക്കുകള്‍ക്ക് വേണ്ടി തപ്പിത്തടയുന്ന ലക്ഷ്മണനെ ശോശാമ്മ ചേട്ടത്തി രക്ഷപ്പെടുത്തി.

“അവരും പിന്നെ കണ്ടിട്ടില്ല കൊച്ചെ. അങ്ങേരു ഇവിടെ അടുത്തെവിടെയെങ്കിലും തന്നെ ഉണ്ടാകും. നീ വിഷമിക്കാതെ നമുക്ക് കണ്ടുപിടിക്കാന്നേ”

“നമ്പൂതിരി എങ്ങോട്ടെങ്കിലും യാത്ര പോകുന്ന കാര്യമോ മറ്റോ നേരത്തെ സൂചിപ്പിച്ചിരുന്നോ?”

തങ്കച്ചന്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. കരച്ചിലിനിടയില്‍ കഷ്ട്ടപ്പെട്ട് അന്തര്‍ജ്ജനം മറുപടി പറഞ്ഞു

“ഇല്യാ”

“അവസാനം കാണുന്ന സമയത്ത് എന്തെങ്കിലും മനോവിഷമമോ മറ്റോ തോന്നിയിരുന്നോ?”

“അതിന് നിങ്ങള് തന്നല്യെ അവസാനം കണ്ടിരിക്കണേ?”

“അത് ശരിയാണല്ലോ..ഹ്മം”. തങ്കച്ചന്‍ കുറച്ചു നേരം കൈ കെട്ടി, നിശബ്ദനായി നിന്നു. പിന്നെ ഇടംകൈകൊണ്ട് തന്‍റെ നഗ്നനായ താടിയെ താലോലിക്കാന്‍ തുടങ്ങി. തലോടല്‍ സാവധാനം മീശയിലെക്ക് നീണ്ടു, അവിടെ നിന്ന് കഷണ്ടി തലയിലേക്ക്. തലയില്‍ പുതുതായി മുടിനാരുകള്‍ ഒന്നും അഡ്മിഷന്‍ എടുത്തിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം തലോടല്‍ സാവധാനം അവസാനിച്ചു. പിന്നെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു

“നമ്പൂതിരിക്ക് വേറെ അടുപ്പമുള്ളവര്‍ നാട്ടില്‍ ആരാ ഉള്ളത്. പെട്ടെന്ന് സങ്കടം തോന്നിയാല്‍ പോകാനോ മറ്റോ”

“അങ്ങനെയൊന്നും ആരൂല്യ. സങ്കടം വന്നാല്‍ അദ്ദേഹം എന്നോട് പറയും. അതുമല്ലേല്‍ അമ്പലത്തില്‍ പോയി സാക്ഷാല്‍ ഭഗവാനോട് പറയും…..ആ പിന്നെ ചിലനേരം ആ ശങ്കരന്‍റെ വീട്ടില്‍ പോയി അയാളോട് സംസാരിച്ചിരിക്ക്യാറുണ്ട്. ഇന്നിപ്പോ അവിടെയെങ്ങും ചെന്നിട്ടില്ല്യ. ഞാന്‍ അയാളോട് വിളിച്ചു ചോദിച്ചതാ”

ചോദ്യങ്ങള്‍ പലതും വീണ്ടും വന്നു. മുക്കിയും മൂളിയും അന്തര്‍ജ്ജനം കരച്ചിലിനിടയില്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ആര്യപുത്രനെ കയ്യോടെ കണ്ടുപിടിച്ചു നല്‍കാം എന്ന് അന്തര്‍ജനത്തിന് വാക്ക് കൊടുത്ത് തങ്കച്ചന്‍ ലക്ഷ്മണനോടൊപ്പം അന്വേഷണത്തിനു ഇറങ്ങിത്തിരിച്ചു.

***

ന്വേഷണം ആരംഭിച്ചത് ശങ്കരന്‍റെ വീട്ടില്‍ നിന്നാണ്. നമ്പൂതിരിയുടെ ഉറ്റസുഹൃത്താണ് ശങ്കരന്‍. നമ്പൂതിരിയെ കാണാനില്ലെന്ന വാര്‍ത്ത അറിഞ്ഞപ്പോഴേ ശങ്കരന്‍ നെഞ്ചത്തടിച്ചു നിലവിളി തുടങ്ങി. ഒരുവിധം പറഞ്ഞു മയപ്പെടുത്തി നിലവിളിയുടെ വോളിയം ഒന്ന് കുറച്ചിട്ട് തങ്കച്ചന്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

“നമ്പൂതിരി എവിടെ പോയിരിക്കാനാണ് ശങ്കരാ സാധ്യത?”

“എവിടെ പോകാന്‍? എനിക്കറിയാന്‍ മേല സാറേ. അയാള് വീട് വിട്ട് വേറെങ്ങും പോകാറില്ല. പണിയെടുക്കാന്‍ ഓഫീസില്‍ പോകും അത്രേയുള്ളൂ. പിന്നെ ചിലപ്പോ ഇവിടെ വരും, എന്നിട്ട് ഞങ്ങളിങ്ങനെ ഓരോന്ന് സംസാരിച്ചിരിക്കും. ഹൊ നല്ല തങ്കപ്പെട്ട മനുഷ്യനായിരുന്നു”

“ഇന്നലെ നമ്പൂതിരി ഇവിടെ വന്നിരുന്നോ?”

“ഇല്ലാ വന്നില്ല. അതിനു മുന്നത്തെ ദിവസം വന്നാരുന്നു. അന്ന് ഞങ്ങളൊന്നു കൂടി. പുള്ളിക്ക് പെമ്പറന്നോത്തിയെ വലിയ പേടിയാന്നെ. അന്ന് അന്തര്‍ജ്ജനം വീട്ടിലില്ലായിരുന്നു. അതുകൊണ്ട് ഒരു കുപ്പി മിലിട്ടറി ഞങ്ങളങ്ങു പിടിപ്പിച്ചു. എന്നാലും നമ്പൂരിച്ചാ അത് നിങ്ങടെ അവസാനത്തെ കുപ്പി ആണെന്ന് ഞാനറിഞ്ഞില്ലല്ലോ..ങ്ങീ..ങ്ങീ..അറിഞ്ഞിരുന്നീല്‍ അവസാനത്തെ ഗ്ലാസ്സ് നിങ്ങക്ക് തരാതെ ഞാന്‍ കുടിക്കത്തില്ലായിരുന്നു..ങ്ങീ..”

ശങ്കരന്‍ വീണ്ടും കരച്ചില്‍ തുടങ്ങി. വോളിയം ക്രമാതീതമായി കൂടാന്‍ തുടങ്ങിയപ്പോള്‍ തങ്കച്ചന്‍ ചോദ്യം മാറ്റി.

“ശങ്കരാ, നമ്പൂതിരി ആകെ വിഷമിച്ച അവസ്ഥയില്‍ ആയിരുന്നു. അങ്ങനെയൊരു അവസ്ഥയില്‍ സങ്കടം പറയാനോ, അല്ലെങ്കില്‍ മാറ്റാനോ നമ്പൂതിരി എവിടെയാരിക്കും പോയിട്ടുണ്ടാകുക”

“അങ്ങനെ ആരോടെങ്കിലും സങ്കടം പറയാനാണെങ്കില്‍, എന്‍റെ നമ്പൂരിച്ചന്‍ ഇവിടെ എന്‍റെടുത്ത് ഉണ്ടായേനെ സാറേ, വേറെ ആരോട് പറയാന്‍. ഇത് നമ്പൂരിച്ചനെ ആരോ കിഡ്നാപ്പ് ചെയ്തതാ”

അതാ വീണ്ടും ‘കിഡ്നാപ്പ്’. ലക്ഷ്മണന് അരിശം കേറി.

“കിഡ്നാപ് ചെയാന്‍ അയ്യാളെന്താടോ സെലിബ്രിറ്റി വല്ലതും ആണോ” കസേരയില്‍ നിന്ന് ചാടിയെണീറ്റ് ലക്ഷ്മണന്‍ ആക്രോശിച്ചു

തങ്കച്ചന്‍ ലക്ഷ്മണനെ പറഞ്ഞു സമാധാനിപ്പിച്ചു വീണ്ടും തത്സ്ഥാനത്ത് കൊണ്ടിരുത്തി

“ശങ്കരാ, നമ്പൂതിരി വേറെ എങ്ങോട്ടെങ്കിലും യാത്ര പോകുന്ന കാര്യം വല്ലതും സൂചിപ്പിച്ചിരുന്നോ?”

“യാത്രയോ? അയ്യാള് വീട് വിട്ടു എങ്ങോട്ടും പോകില്ല. കുഴിമടിയനാന്നെ. സത്യത്തില്‍ ജോലിക്ക് പോകാന്‍ തന്നെ അയാള്‍ക്ക് മടിയാ. പിന്നെ ഭാര്യയുടെ നിര്‍ബന്ധം കൊണ്ട് പോകുന്നു അത്രേയുള്ളൂ. ഇവിടെ വരുമ്പോ എപ്പോഴും പറയും ‘ശങ്കരനെത്ര ഭാഗ്യവാനാ. ഒരു പണിക്കും പോകേണ്ടല്ലോ’ എന്ന്. ഞാന്‍ ഒരു പണിയും ചെയ്യാതെ ഇവിടെ വെറുതെ കുത്തിയിരിക്കുകയാനെന്നാ അയാള്‍ടെ വിചാരം”

“അങ്ങനെ തന്നെയല്ലേ” ലക്ഷ്മണന്‍ സംശയമുന്നയിച്ചു

“അതെ. നമ്പൂതിരിടെ വിചാരം ശരിയായിരുന്നു. നല്ല ബുദ്ധിയുള്ള മനുഷ്യനായിരുന്നു, എല്ലാം പെട്ടെന്ന് മനസ്സിലാക്കികളയും. എന്നാലും ആരാണാവോ അയ്യാളോട് ഈ പണി ചെയ്തത്? ങ്ങീ..”

“അപ്പൊ നമ്പൂതിരി യാത്രയൊന്നും പോകാന്‍ സാധ്യതയില്ല, നിങ്ങളല്ലാതെ വേറെ കൂട്ടുകാരുമില്ല”

തങ്കച്ചന്‍റെ കൈ വീണ്ടും താടിയിലേക്ക് നീണ്ടു, അവിടുന്ന് മീശയിലെക്ക് പിന്നെ കഷണ്ടി തലയിലേക്ക്

“സംശയിക്കാനൊന്നുമില്ല സാറേ ഇത് മറ്റേത് തന്നെയാ. കിഡ്നാപ്പിംഗ്”

വീണ്ടും ‘കിഡ്നാപ്പിംഗ്’ ലക്ഷ്മണന്‍റെ ക്ഷമ നശിച്ചു. കലിതുള്ളി പല്ലുകടിച്ചു അയാള്‍ ശങ്കരന് നേരെ എടുത്തുചാടി. തക്കസമയത്ത് തങ്കച്ചന്‍ ലക്ഷ്മണനെ ബ്ലോക്ക്‌ ചെയ്തു. പിന്നെ ഒരു വിധം അപരനെ ഉന്തിത്തള്ളി വീടിനു പുറത്തു കടന്നു. താനെന്ത് പാപമാണ് ചെയ്തതെന്ന് മനസ്സിലാകാതെ ശങ്കരന്‍ അന്തം വിട്ടു എല്ലാം വീക്ഷിച്ചു നിന്നു.

ലക്ഷ്മണനെയും പിടിച്ചു വലിച്ചു തങ്കച്ചന്‍ നടന്നു.

“ഒന്ന് ക്ഷമിക്ക് ലക്ഷ്മണാ. നമ്പൂതിരിയെ കണ്ടുപിടിക്കലാണ് നമ്മുടെ പ്രധാന ലക്ഷ്യം. തത്കാലം ഇപ്പൊ മറ്റൊന്നും ശ്രദ്ധിക്കേണ്ട”

അപ്പറഞ്ഞത്‌ ശരിയാണെന്ന് ലക്ഷ്മണനും തോന്നി. പക്ഷെ ഇനിയിപ്പോ എവിടെ അന്വേഷിക്കാന്‍. നമ്പൂതിരിക്ക് ആകെപ്പാടെ എന്തെങ്കിലും ഒരു ബന്ധം ഉണ്ടായിരുന്നത് ആ ശങ്കരനോടാണ്. അങ്ങേരാണെങ്കില്‍ കിഡ്നാപ്പിങ്ങില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. ലക്ഷ്മണന്‍ തങ്കച്ചനോട് തന്നെ സംശയമുണര്‍ത്തിച്ചു.

“ഇനിയിപ്പൊ എവിടെ പോയി അന്വേഷിക്കാനാ?”

വളരെ സ്വാഭാവികം എന്ന മട്ടില്‍ തങ്കച്ചന്‍ ഉത്തരം നല്‍കി

“വേറെ എവിടെ പോകാന്‍, ഈശ്വരനടുത്തെക്ക്”

“ങേ. അപ്പൊ തങ്കച്ചനും കൈവിട്ടോ?”

“കൈ വിടാനോ? പ്രശ്നമുണ്ടെങ്കില്‍ പരിഹാരവുമുണ്ട്. ആ പരിഹാരം കണ്ടു പിടിക്കലാണ് എന്‍റെ പണി. സാവിത്രി പറഞ്ഞത് ലക്ഷ്മണന്‍ കേട്ടില്ലേ? സങ്കടമുണ്ടായാല്‍ നമ്പൂതിരി നേരെ പോകുന്നത് അമ്പലത്തിലേക്കാണ്. അന്ന് പശുമോഷണത്തെ പറ്റി ഭാര്യയോട് കള്ളം പറയേണ്ടി വന്നതില്‍ നമ്പൂതിരി പശ്ചാത്തപിച്ചു കാണും. സങ്കടം കൊണ്ട് ഭാര്യയെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥ. ആ അവസ്ഥയ്ക്ക് ഒരു കാരണം ശങ്കരനാണല്ലോ. കൂട്ടുകാരന്‍ തന്ന മദ്യത്തിന്‍റെ ലക്കിലാണ് ഈ പ്രശ്നമെല്ലാം ഉണ്ടായത്. അതുകൊണ്ട് അയാളോടും ദേഷ്യം തോന്നിക്കാണണം. അപ്പോപ്പിന്നെ സങ്കടം പറയാന്‍ കൂട്ടുകാരനടുത്തെക്കും പോകാന്‍ വയ്യ. പിന്നെ അഭയസ്ഥാനം ആരാ? ഈശ്വരന്‍. എന്‍റെ ഊഹം ശരിയാണെങ്കില്‍ യാത്രക്ക് മുന്‍പ് നമ്പൂതിരി തീര്‍ച്ചയായും അമ്പലത്തില്‍ പോയി അനുവാദം വാങ്ങി കാണും”

“യാത്രയോ? അതെന്താ യാത്ര പോയെന്ന് ഇത്ര ഉറപ്പ്?”

“പിന്നെന്താ ലക്ഷ്മണാ കിഡ്നാപ്പിംഗോ” തങ്കച്ചന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ലക്ഷ്മണനെ നോക്കി.

ഈ ഒരു പരിതസ്ഥിതിയിലും ഇയാള്‍ക്ക് ചിരിക്കാന്‍ കഴിയുന്നതെങ്ങനെയെന്നു ലക്ഷ്മണന്‍ അത്ഭുതപ്പെട്ടു.

“യാത്ര അല്ലാതെ വേറെ വഴികളൊന്നും ഞാന്‍ കാണുന്നില്ല ലക്ഷ്മണാ. എന്തെങ്കിലും അപകടം പിണഞ്ഞതാണെങ്കില്‍, ഇതുപോലൊരു ചെറുഗ്രാമത്തില്‍ അത് രഹസ്യമായി ഇരിക്കില്ലല്ലോ”

തങ്കച്ചന്‍ പറയുന്നത് ശരിയാണെന്ന് ലക്ഷ്മണന് തോന്നി. ‘കിഡ്‌നാപ്പിംഗിൽ’ തങ്കച്ചന്‍ വിശ്വസിക്കുന്നില്ല എന്നതില്‍ ഒരു ആശ്വാസവും തോന്നി.

“എന്നാലും എങ്ങോട്ടായിരിക്കും അയാള്‍ പോയിട്ടുണ്ടാകുക”

“അതാണ് ലക്ഷ്മണാ നമുക്ക് കണ്ടുപിടിക്കേണ്ടത്”

(തുടരും…)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s