നിറം പൂശിയ നിഴലുകള്‍

1

ഉറപ്പുവരുത്താന്‍ വേണ്ടി ഞാന്‍ ഒന്നുകൂടി നോക്കി. എന്‍റെ നോട്ടം കണ്ടിട്ടാവണം ആ പെണ്‍കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. അതെ, ആ പെണ്‍കുട്ടി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.

കാന്റീനിൽ വളരെ കുറച്ചു ആളുകളെ ഇപ്പോഴുള്ളൂ. അല്ലെങ്കിലും മൂന്ന് മണി കഴിഞ്ഞു ഉച്ചയൂണ് കഴിക്കുന്നവര്‍ കുറവായിരിക്കുമല്ലോ. പരമാവധി ആളുകള്‍ കുറഞ്ഞിരിക്കാന്‍ വേണ്ടിത്തന്നെയാണ് ഈ സമയം തിരഞ്ഞെടുത്തത്. പക്ഷെ എന്നിട്ടും ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചിരിക്കുന്നു! റാമിനോടൊപ്പം പൊതുസ്ഥലത്തേക്ക് വരാന്‍ എനിക്കിപ്പോഴും ഭയമാണ്. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രനായ മനുഷ്യനാണ് റാം. പരിഷ്കൃത ജീവിതത്തെ വെറുക്കുന്നവര്‍ ഉണ്ടാകാം ശരി തന്നെ. യുക്തിവാദവും, പ്രകൃതി പ്രാര്‍ത്ഥനയുമെല്ലാം അംഗീകരിക്കാന്‍ കഴിയുന്നത് തന്നെ. പക്ഷെ അത് ഒരു മനുഷ്യനെ ഇത്രയധികം സ്വാധീനിക്കുമോ? റാം എന്നും എനിക്കൊരു അത്ഭുതമായിരുന്നു.

ഞാന്‍ വീണ്ടും എന്‍റെ സുഹൃത്തിന്‍റെ പ്രവൃത്തിയെ അറപ്പോടെ നോക്കി. തന്‍റെ ഊണ്പാത്രത്തില്‍ നിന്ന് മേശയിലേക്ക്‌ വീണുപോയ ചോറിന്‍റെ വറ്റുകള്‍ പെറുക്കിയെടുത്തു സ്വന്തം വായിലേക്ക് നിക്ഷേപിക്കുകയാണ് കക്ഷി മ്ലേച്ഛമായ കാഴ്ച! ആദ്യമായിട്ടല്ല റാമിന്‍റെ ഈ വൃത്തിഹീനമായ പ്രവൃത്തി ഞാന്‍ കാണുന്നത്. എന്നിരുന്നാലും ഉള്ളിലെവിടെനിന്നോ ഒരു ഓക്കാനം തികട്ടിവന്നു. ഞാനത് കടിച്ചമര്‍ത്തി, പിന്നെ വന്ന വഴിയെ പറഞ്ഞയച്ചു. റാമിന്‍റെ ഈ വിചിത്ര പ്രവൃത്തിയാണ് നേരത്തെ കണ്ട പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ജിജ്ഞാസ കുത്തിനിറച്ചു ഇങ്ങോട്ടേക്ക് വിട്ടത്.

ഓഫീസ് കാന്റീനിലെ ആളൊഴിഞ്ഞ ഒരു മൂലയിലാണ് ഞങ്ങള്‍, അതായത് ഞാനും റാമും ഇരിക്കുന്നത്. ഞങ്ങള്‍ ഇരുന്ന ടേബിളില്‍ നിന്ന് കുറച്ചു മാറി, തൊട്ടടുത്ത നിരയില്‍ ഏകദേശം മധ്യഭാഗത്തായാണ് ആ പെണ്‍കുട്ടി ഇരിക്കുന്ന ടേബിള്‍. അവളോടൊപ്പം അവള്‍ക്കഭിമുഖമായി ഒരു ചെറുപ്പക്കാരനും ഇരിക്കുന്നുണ്ട്, അവളുടെ കാമുകനാകണം. ആ യുഗ്മമിഥുനങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നു, ക്ഷണത്തിന്‍റെ ഔപചാരിതകകള്‍ പോലുമോര്‍ക്കാതെ ഗീതയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. ഒരു ദീര്‍ഘനിശ്വാസമെടുത്തു കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ ഓര്‍മകളെ ചവിട്ടിപ്പുറത്താക്കി. കണ്ണ് തുറന്നത് വീണ്ടും റാമിലേക്ക്. പെട്ടെന്ന് അവന്‍ തലയുയര്‍ത്തി എന്നെ നോക്കി. ഒരു ചോദ്യത്തിന്‍റെ മുഖഭാവം. മുഖഭാവത്തില്‍ നിന്ന് വാക്കുകളുടെ ഏണിപ്പടികള്‍ ചവിട്ടിയിറങ്ങി ചോദ്യം പുറത്തേക്കു വന്നു.

“എന്താ കഴിക്കുന്നില്ലേ?”

ഞാന്‍ അവനില്‍ നിന്നും കണ്ണുകള്‍ പറിച്ചു എന്‍റെ മുന്നിലിരിക്കുന്ന പിഞ്ഞാണത്തിലേക്ക് നട്ടു. ഒരു കരസ്പര്‍ശം പോലുമനുഭവിക്കാതെ കന്യകയായി നിലകൊണ്ടിരിക്കുന്ന ഊണിന്‍പാത്രം.

“നിന്‍റെ മനസ്സിനെ എന്തോ അലട്ടുന്നുണ്ടല്ലോ വിഷ്ണു? എന്തായാലും പറഞ്ഞോളൂ”

ഞാന്‍ ആഗ്രഹിച്ച ചോദ്യം. എന്നിട്ടും വായില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതെ വാക്കുകള്‍ നാണിച്ചു നിന്നു. മനസ്സിലുള്ളത് തുറന്നു പറയാന്‍ തന്നെയാണ്, കുറച്ചു ആപല്‍ക്കരമായിരുന്നിട്ടു കൂടി റാമിനോടൊപ്പം ഊണ് കഴിക്കാം എന്ന് തീരുമാനിച്ചത്. ഈ വൈചിത്ര്യത്തിനും മ്ലേച്ചതയ്ക്കും അപ്പുറത്ത് ആരും മനസ്സിലാക്കാത്ത മൂര്‍ച്ചയേറിയ ഒരു മസ്തിഷ്കം റാമിനുണ്ട്. ഈ അവസ്ഥയില്‍ എന്നെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും കഴിവുണ്ടെങ്കില്‍ അത് റാമിന് മാത്രമാണ്.

എന്‍റെ മനസ്സ് അവന്‍ വായിച്ചെടുത്തെന്നു തോന്നുന്നു. പ്ലേറ്റില്‍ നിന്ന് കുറച്ചകലെയായി കിടന്ന ഒരു വറ്റ്, അത് അവന്‍റെ പാത്രത്തില്‍ നിന്നുള്ളതല്ലെന്നു എനിക്കുറപ്പായിരുന്നു. നേരത്തെ ഭക്ഷണം കഴിച്ചവര്‍ ഉപേക്ഷിച്ചിട്ടുപോയ അവശിഷ്ടമാകാം. അവനത് സാവധാനം കൈ നീട്ടി, സൂക്ഷ്മതയോടെ വിരലുകള്‍ക്കുള്ളിലാക്കി. തന്‍റെ മുഖത്തിനു നേരെ അതുയര്‍ത്തി പിടിച്ചു അവന്‍ എന്നോടായി പറഞ്ഞു.

“എന്നില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കാന്‍ നിനക്കാവില്ല വിഷ്ണു. ഞാനല്ലേ നിന്‍റെ ബെസ്റ്റ് ഫ്രണ്ട്”

ബെസ്റ്റ് ഫ്രണ്ട്? അല്ല, നീ ഒരിക്കലും എന്‍റെ ഉത്തമ സുഹൃത്തല്ല? പക്ഷെ നീ എന്‍റെ സുഹൃത്താണ്. എന്‍റെ ഒരേ ഒരു സുഹൃത്ത്. അതുകൊണ്ട് മാത്രം നീ ഒരു ഉത്തമ സുഹൃത്താകുമോ? ഒരിക്കലുമില്ല, അവസാന നാളുകളില്‍ പലപ്പോഴും റാമിന്‍റെ പേരില്‍ ഗീതയുമായി തര്‍ക്കിക്കാറുള്ളത് ഞാനോര്‍ത്തു.

റാം നേരത്തെ കയ്യിലെടുത്ത ഉച്ഛിഷ്ടം വായിലേക്കെറിഞ്ഞു.

ഗീത, അവള്‍ എന്‍റെ കാമുകിയാണ്, അല്ല ആയിരുന്നു എന്നതാണ് വ്യാകരണപരമായി ശരിയായ വാക്ക്. എന്നില്‍ നിന്ന് ഈശ്വരന്‍ അവളെ തട്ടിയെടുക്കും വരെ! ഗീതയെ നഷ്ട്ടപ്പെട്ടതിനു ശേഷം ഇന്നാദ്യമായാണ് റാമിനെ കാണുന്നത്. പരമാവധി കൂടികാഴ്ചകള്‍ ഒഴിവാക്കി എല്ലാവരില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. പക്ഷെ എത്ര നാള്‍ ഇങ്ങനെ ഒളിച്ചുനടക്കാനാകും? ആരോടെങ്കിലും മനസ്സ് തുറന്നു സംസാരിച്ചില്ലെങ്കില്‍ ഹൃദയം വിങ്ങിപ്പൊട്ടുമെന്നു തോന്നി.

“നീ എന്താണ് ഒന്നും കഴിക്കാത്തത്?”

റാമിന്‍റെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.

“ഭക്ഷണം പാഴാക്കാന്‍ പാടില്ല എന്നറിയില്ലേ? വിശപ്പില്ലെങ്കില്‍ പിന്നെന്തിനാണ് ഭക്ഷണം വാങ്ങിയത്. വാങ്ങിയാല്‍ ഒരു വറ്റ് പോലും കളയാതെ ഭക്ഷിക്കണം. ഞാന്‍ എത്ര വട്ടം നിന്നോടിത് പറഞ്ഞിട്ടുണ്ട്. ഈ കോട്ടും സൂട്ടുമണിഞ്ഞ പരിഷ്കൃത മഠയന്മാരെ പോലെയാകരുത് നീ. നോക്കൂ, അവര്‍ എന്താണ് കഴിക്കുന്നതെന്ന് നോക്കൂ. വിലകൂടിയ ഫാസ്റ്റ് ഫുഡ്‌ വാങ്ങിക്കുക, എന്നിട്ട് പകുതിയും അതുപോലെ തന്നെ പാഴാക്കുക. ഇങ്ങനെയുള്ളവര്‍ എത്രകാലം ജീവിക്കും? തനിക്ക് ഭാരമായവരെ പ്രകൃതി എന്തിന് തീറ്റിപോറ്റണം? വെറുതെയാണോ ആരും കേട്ടിട്ടില്ലാത്ത മാരകരോഗങ്ങള്‍ ഇന്ന് പൊട്ടിമുളച്ചുണ്ടാകുന്നത്? ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ വിഷ്ണു? കഴിക്കൂ ഭക്ഷണം കഴിക്കൂ”

കര്‍ക്കശ സ്വഭാവമുള്ള അച്ഛനെ അനുസരിക്കുന്ന കുട്ടിയെപോലെ, അവന്‍റെ ആജ്ഞാശക്തിയുള്ള വാക്കുകള്‍ ഞാന്‍ അനുസരിച്ചു. ഒരു പിടി ചോറ് വാരി വായിലേക്കിട്ടു, ലക്ഷ്യസ്ഥാനത്തെത്താതെ കുറച്ചു വറ്റുകള്‍ കയ്യില്‍ നിന്ന് തെറിച്ചു പ്ലേറ്റിനു പുറത്ത് പലഭാഗത്തായി സ്ഥാനം പിടിച്ചു. ആ പാവം വറ്റുകള്‍ ഭക്ഷണത്തില്‍ നിന്ന് ഉച്ചിഷ്ടം എന്ന പദവിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു! വായില്‍ വച്ച ഭക്ഷണം ഇറക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു. നെഞ്ചിലാകെ എന്തോ ഒരുണ്ട് കൂടിയിരിക്കുന്ന പോലെ. ഗീത തന്നെയാകണം!

“പറയൂ വിഷ്ണു എന്താണ് നിന്‍റെ പ്രശ്നം?”

വീണ്ടും ആജ്ഞാശക്തിയുള്ള റാമിന്‍റെ സ്വരം. പുറത്തേക്ക് വരാന്‍ മടിച്ച വാക്കുകളെ അവന്‍ ബലമായി വലിച്ചു പുറത്തേക്കിടുന്ന പോലെ തോന്നി.

“എനിക്ക് വയ്യ റാം, എന്നെക്കൊണ്ട് കഴിയുന്നില്ല. അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ. എല്ലായിടത്തും ഞാന്‍ ഒറ്റയ്ക്കാണെന്നൊരു തോന്നല്‍. അതിന്‍റെ കൂടെ എല്ലാവരുടെയും സഹതാപം കലര്‍ന്ന നോട്ടവും, മടുത്തു. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല റാം.”

കണ്ണില്‍ ഉരുണ്ടുകൂടിയ ജലകണികകളെ ഞാന്‍ ഇടംകൈ കൊണ്ട് തുടച്ചു മാറ്റി.

“നീയെന്താണ് വിഷ്ണു ഇങ്ങനെ കുട്ടികളെപ്പോലെ. എത്ര നാളായി ഗീത നിന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്. രണ്ടു വര്‍ഷം? മൂന്ന് വര്‍ഷം? അതിനു മുന്‍പ് നീ എങ്ങനെയായിരുന്നു. നീ എന്നും ഒറ്റയ്ക്കായിരുന്നു വിഷ്ണു. നീ നേരിടുന്ന സഹതാപവും പുച്ഛവും വെറുപ്പുമൊന്നും നിനക്ക് പുതുമയല്ല, പിന്നെന്താണ് നീ ഇങ്ങനെ? കുറച്ചുകാലത്തേക്ക് ഒരു അതിഥിയെപ്പോലെ അവള്‍ നിന്‍റെ കൂടെയുണ്ടായിരുന്നു. അങ്ങനെ കരുതിയാല്‍ മതി”

റാം പറയുന്നത് ശരിയല്ലേ? അതെ ശരിയാണ്. പക്ഷെ ശരികളെ ദഹിപ്പിക്കാനാകുന്ന അവസ്ഥയിലല്ല എന്‍റെ മനസ്സിപ്പോള്‍. റാമിന്‍റെ വാക്കുകള്‍ എന്‍റെ ഓര്‍മകളുമായി ഒരു മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നപോലെ തോന്നി. അനുനിമിഷം ശക്തിയാർജിക്കുന്ന ബാലിയുടെ കരങ്ങള്‍ പോലെ അവന്‍റെ വാക്കുകള്‍ തീക്ഷ്ണമായിക്കൊണ്ടിരുന്നു.

“നിന്നെ സ്നേഹിക്കുന്ന ഒരുപാടുപേര്‍ ഇപ്പോഴും നിന്‍റെ ജീവിതത്തിലുണ്ട്. നിന്‍റെ ബെസ്റ്റ് ഫ്രണ്ടായ ഞാന്‍, ഇപ്പോഴും നിന്നെ വിട്ടുപോകാതെ നിന്‍റെ കൂടെ കഴിയുന്ന നിന്‍റെ സ്വന്തം ചേച്ചി. ഞങ്ങളെ കുറിച്ചൊന്നും ഒരു ചിന്തയും നിനക്കില്ലാത്തതെന്താണ്? ഇനി ഞാനൊരു സത്യം പറയട്ടെ വിഷ്ണു”

അവന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായി, മുന്നോട്ടേക്ക് ആഞ്ഞിരുന്നു. ഇനി പറയാന്‍ പോകുന്നത് അതിപ്രാധാന്യമുള്ളതാണെന്ന മുന്നറിയിപ്പായിരുന്നു അത്.

“എനിക്ക് അവളെ…ഗീതയെ ഇഷ്ടമല്ലായിരുന്നു. അവള്‍ വന്ന ശേഷം നീയാകെ മാറി. നമ്മള്‍ തമ്മില്‍ ഒരുപാട് അകന്നു. അവള്‍ നിന്നെ മനുഷ്യനല്ല, മറ്റൊരു യന്ത്രമാക്കിയെന്നു വേണം പറയാന്‍. ഇരുകാലില്‍ നടക്കുന്ന കോട്ടും സൂട്ടുമിട്ട മറ്റൊരു യന്ത്രം…ഒരു തരത്തില്‍..അവള്‍… പോയത് നന്നായി..”

‘ ”റാം..” ഞാന്‍ അലറിക്കൊണ്ട്‌ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു, അവന്‍റെ കരണത്ത് കൈ വീശിയടിച്ചു’ ഇല്ല, ഞാനത് ചെയ്തില്ല.

മസ്തിഷ്കത്തിലെവിടെയോ ഭൂതകാലത്തില്‍ ചെയ്യേണ്ടിയിരുന്ന പ്രവൃത്തികളുടെ ലിസ്റ്റിലേക്ക് അത് എഴുതിച്ചേര്‍ക്കപ്പെട്ടു, അത്രമാത്രം. അവനെ അടിക്കാന്‍ എന്‍റെ കൈ അനങ്ങിയില്ല, ക്രൂരമായ അവന്‍റെ വാക്കുകളാല്‍ മരവിക്കപ്പെട്ടു, നിസ്സഹായനായി, നിശ്ചലനായി എന്‍റെ സകല അംഗങ്ങളും നിലകൊണ്ടു. പുറത്തു വരാന്‍ കൊതിച്ച ആ അലര്‍ച്ച പോലും തൊണ്ടയിലെവിടെയോ യാഥാര്‍ത്ഥ്യത്തിന്റെ കുരുക്കുകളില്‍ അകപ്പെട്ട് അലിഞ്ഞില്ലാതായി.

ലവലേശം പോലും കൂസലില്ലാതെ റാം തുടര്‍ന്നു

“എന്താ നിനക്ക് ദേഷ്യം വരുന്നുണ്ടോ? ഞാന്‍ പറഞ്ഞത് സത്യമാണ് വിഷ്ണു. നിങ്ങള്‍ ഒരിക്കലും തമ്മില്‍ ചേരുന്നവരല്ലായിരുന്നു. നീ തന്നെ ആലോചിച്ചു നോക്ക് എന്ത് ചേര്‍ച്ചയാണ് നിങ്ങള്‍ തമ്മിലുണ്ടായിരുന്നത്? കൂട്ടുകാരായ നമ്മുടെ ഇടയിലുള്ള ഒരുമ പോലും നിനക്ക് അവളുമായില്ല. നമ്മള്‍ ഒരേ ചിന്താഗതിക്കാരാണ്, ഒരേ സ്വഭാവവും ആശയവുമുള്ളവരാണ്”

എനിക്ക് അവനെ തടുക്കണമെന്നു തോന്നി. എന്ത് സാമ്യതയാണ് എനിക്ക് ഈ വിചിത്ര മനുഷ്യനുമായുള്ളത്. ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച എന്നെ ഒരിക്കല്‍ കൂടി പരാജയപ്പെടുത്തിക്കൊണ്ട് അവന്‍ തുടര്‍ന്നു

“നോക്ക് നമ്മള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പോലും ഒരേ നിറം..ഹ..ഹ..” ഭ്രാന്തനെപ്പോലെ അവന്‍ ഉറക്കെ ചിരിച്ചു.

ഞാന്‍ അവനെ അടിമുടി നോക്കി പിന്നെ എന്നേയും. ശരിയാണ്, കറുപ്പ്. നിറമല്ല, നിറമില്ലായ്മ. ഒരു പക്ഷെ എന്‍റെ ജീവിതം പോലെ.

നേരത്തെ കണ്ട പെണ്‍കുട്ടിയുടെ മുഖത്ത് അന്ധാളിപ്പ് പരക്കുന്നത് ഞാന്‍ കണ്ടു. അത് സാവധാനം ഭീതിയിലേക്ക് വഴിമാറുന്നു. റാമിന്‍റെ അട്ടഹാസം അവളെ പേടിപ്പിച്ചിരിക്കണം. സംഗതി വഷളാകുന്നതിനു മുന്‍പ് സംഭാഷണം അവസാനിപ്പിച്ചു ഇവിടെ നിന്ന് പുറത്ത് കടക്കണം.

എന്‍റെ പ്ലേറ്റിന് ചുറ്റും കിടന്നിരുന്ന ഉച്ഛിഷ്ടം ചൂണ്ടി കാട്ടി അവന്‍ പ്രസംഗം തുടര്‍ന്നു

“എന്താണിത് വിഷ്ണു? ഇനി ഞാന്‍ പറഞ്ഞു തരണോ” അവന്‍ ദേഷ്യത്തോടെ എന്നെ നോക്കി. ജ്വലിക്കുന്ന കണ്ണുകള്‍, അവന്‍റെ വാക്കുകളുടെ അതേ ആജ്ഞാശക്തി ആ കണ്ണുകള്‍ക്കും ഉണ്ട്.

എന്‍റെ കൈ പതിയെ നീണ്ടു. എന്താണ് ചെയ്യുന്നതെന്ന് എന്‍റെ ബോധമണ്ഡലത്തില്‍ തെളിയുന്നതിനു മുന്നേ, ആ ഉച്ചിഷ്ടം ഞാന്‍ വായിലാക്കി. അവന്‍ എന്നെ നോക്കി ചിരിച്ചു, വിജയിയുടെ ചിരി. പെണ്‍കുട്ടിയുടെ മുഖത്തെ ഭീതി ബീഭല്‍സതയ്ക്ക് വഴിമാറിയിരിക്കുന്നു. അവള്‍ തന്‍റെ കാമുകനോട് എന്തോ പറയുന്നു. ദാ ഇപ്പോള്‍ അയാളും തിരിഞ്ഞു നോക്കുന്നു. ഞാന്‍ പെട്ടെന്ന് എഴുന്നേറ്റു, ശരവേഗത്തില്‍ തിരിഞ്ഞ് പുറത്തേക്ക് നടന്നു.

“വിഷ്ണു..” പുറകില്‍ അവന്‍റെ വിളി ഞാന്‍ കേട്ടു. ആജ്ഞാശക്തിയുള്ള വിളി. കാലുകള്‍ തളരുന്നു, ഇല്ല.. നില്‍ക്കരുത്.

“വിഷ്ണൂ..” അവന്‍ വീണ്ടും വിളിച്ചു. ഇരുകൈകള്‍ കൊണ്ടും ചെവി പൊത്തി ഞാന്‍ പുറത്തേക്ക് ഓടി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s