തെന്നല്‍പോലെ

കാലവര്‍ഷമാസങ്ങളിലെ ചില പുലര്‍കാലങ്ങളുണ്ടാകാറില്ലേ, രാത്രിയിലെ കോരിച്ചൊരിയുന്ന മഴയില്‍ തളര്‍ന്നു വിവശയായ ഭൂമിദേവി നിദ്ര വിട്ടെഴുന്നേല്‍ക്കുന്ന തണുപ്പുള്ള ആ പ്രഭാതങ്ങള്‍. ഒരു പക്ഷെ അതിരാവിലെ തണുപ്പിനെ വകവയ്ക്കാതെ ഉണരുന്നവര്‍ക്ക് ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടാകും. അപ്പോള്‍ നിങ്ങള്‍ കരുതുണ്ടാകും ഞാനെന്നും അതിരാവിലെയാണ് എഴുന്നേല്‍ക്കാറെന്നു. ഒരിക്കലുമല്ല, ജൂണ്‍ മാസത്തിലെ മഴയുപേക്ഷിച്ചുപോയ തണുപ്പില്‍, കട്ടിലില്‍ തലയണയും കെട്ടിപ്പിടിച്ച് അങ്ങനെ കിടക്കുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖമുണ്ടല്ലോ, ഹൊ, അതാണ്‌ സ്വര്‍ഗ്ഗം. ആ, ഞാന്‍ പറഞ്ഞുവന്നത് അതല്ല. ഇങ്ങനെയുള്ള മഴയില്‍ കുതിര്‍ന്ന പ്രഭാതങ്ങളില്‍ ഇടവഴിയിലൂടെ നമ്മളിങ്ങനെ നടക്കുമ്പോള്‍ ഒരു ചെറിയ കാറ്റ് വീശാറുണ്ട്. അടിമുടി ആനന്ദം നല്‍കുന്ന ഒരു കുസൃതികാറ്റ്. ഭൌതികജീവിതത്തിലെ സകലദുഖങ്ങളും ആ ചെറുതെന്നലില്‍ നാം ഒരു നിമിഷത്തേക്ക് മറക്കും. അങ്ങനെയൊരു തെന്നല്‍, ആ തെന്നല്‍പോലെയാണ് അവളുടെ പുഞ്ചിരിക്കുന്ന മുഖം. ആ ചിരി കാണുമ്പോള്‍ ഒരു നിമിഷത്തേക്ക് ബാക്കിയെല്ലാം ഞാന്‍ മറക്കും. സ്ഥലകാലബോധം തന്നെ ഇല്ലാതാകും. രതിയില്ലാത്തൊരു ആനന്ദമൂര്‍ച്ഛ പോലെ. ആ കണ്ണുകളിലെ തിളക്കം, കവിളില്‍ പ്രത്യക്ഷമാകുന്ന നുണക്കുഴി, നിരയൊത്ത മുന്‍വരിപ്പല്ലുകള്‍ക്കൊരു വേലി പോലെയുള്ള ആ ഇളംചുണ്ടുകള്‍. ഹൊ, പലപ്പോഴും ഈശ്വരനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്, ഈ ചിരി കണ്ടു എല്ലാ ദിവസവും തുടങ്ങാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്! ഏതൊരു കൌമാരക്കാരന്‍റെ മനസ്സിലും പ്രണയത്തിന്‍റെ വിത്തുകള്‍ പാകുന്ന ആ മുഖം. ഈ സുന്ദരമുഖത്തിന്‍റെ ഉടമയ്ക്ക് ഒരു പേരു വേണമല്ലോ? സത്യത്തിന്‍റെ കൂരമ്പുകള്‍ കൊണ്ട് മറ്റാരെയും വേദനിപ്പിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് തത്കാലം നമുക്ക് ഈ പെണ്‍കൊടിക്ക് ഒരു സാങ്കല്‍പ്പിക നാമം നല്‍കാം, ’ജാനകി’

ജാനകിയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വച്ചാണ്. മലയാളികളുടെ ആചാരമനുസരിച്ച് പ്ലസ്‌ടു കഴിഞ്ഞ മക്കള്‍ എന്‍ജിനീയറോ ഡോക്ടറോ ആകേണ്ടത് അനിവാര്യമാണ്. ഇതില്‍ ഏത് വേണം എന്നത് മാത്രം തിരഞ്ഞെടുത്താല്‍ മതി! ഭൂമിയുടെ നിലനില്‍പ്പ്‌ തന്നെ ഈ ഒരു തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കെ, വളരെ ചിന്തിച്ചു തന്നെ ഈ ഭാരിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. അതിനെന്നെ സഹായിച്ചതാവട്ടെ ദിനോസറുകളുടെ കളിത്തോഴന്‍ എന്ന് കരുതപ്പെടുന്ന ‘പാറ്റ’ അവര്‍കളും. (വടക്കുഭാഗത്തുള്ള വായനക്കാര്‍ ഇതിനെ ‘കൂറ’ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ). ‘പാറ്റ’ അവര്‍കളെ ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന ഒരു ഏര്‍പ്പാട് ഞങ്ങളുടെ പ്ലസ്ടു കാലഘട്ടത്തില്‍ ഉണ്ടായിരുന്നു. ശസ്ത്രക്രിയ എന്ന് പറഞ്ഞാല്‍ ‘കുടല്‍മാല’ പുറത്തെടുക്കുക എന്നതാണ് ഉദ്യമം. ഞങ്ങളുടെ ഭാവിക്കായി സ്വന്തം ജീവന്‍ ബലികര്‍പ്പിച്ച എല്ലാ പാറ്റകള്‍ക്കും അങ്ങേയറ്റം ആദരവ് നല്‍കിക്കൊണ്ട് തന്നെ പറയട്ടെ, പ്രസ്തുത ‘കുടല്‍മാല’ ഒരിക്കല്‍പ്പോലും തിരഞ്ഞു കണ്ടെത്താനോ, നാമാവശേഷമാവാതെ പുറത്തെടുക്കാനോ എനിക്കായിട്ടില്ല. ഒരു പക്ഷെ ഭാവിയില്‍ ഒരു ഡോക്ടറാകേണ്ടി വന്നാല്‍ മൃതമായ പാറ്റക്ക് പകരം ജീവനുള്ള മനുജ ശരീരമാകും മുന്നിലുണ്ടാവുകയെന്ന സത്യം എന്നെ ഞെട്ടിച്ചു. അങ്ങനെ പരാജയപ്പെട്ട പാറ്റ ശസ്ത്രക്രിയകളെ വിലയിരുത്തി ഡോക്ടറാകേണ്ട എന്ന തീരുമാനം അന്നെടുത്തു. പിന്നെ ‘എഞ്ചിനീയര്‍’ എന്ന് കേള്‍ക്കാനും ഒരു സ്റ്റൈലൊക്കെയുണ്ട്, അപ്പൊ അതുമതി.

അങ്ങനെ മറ്റു പതിനായിരങ്ങളെപ്പോലെ ഒരു എഞ്ചിനീയര്‍ ആകാനുറച്ചു നാട്ടിലെ ഒരു പ്രമുഖ കോച്ചിംഗ് സെന്ററിൽ ഞാനും ജോയിന്‍ ചെയ്തു. ഇംഗ്ലീഷ് അക്ഷരമാലയിലെ ഏകദേശം എല്ലാ അക്ഷരങ്ങളുടെയും സ്മരണാര്‍ത്ഥം ഓരോന്നിന്‍റെയും പേരില്‍ ഓരോ ക്ലാസ് നീക്കിവെച്ചിട്ടുണ്ട്. ഇതിലൊരു ക്ലാസില്‍ ഞാനും അംഗമായി. ആദ്യദിനം തന്നെ വിചാരിച്ചതിനേക്കാളും ക്ലേശകരമാണ് ഈ ഉദ്യമം എന്ന് ഞാന്‍ മനസ്സിലാക്കി. മറ്റു പല മേഖലകളില്‍ നിന്നും ‘മുങ്ങി’ ശീലമുള്ളതിനാല്‍ ഇനിയൊരു തിരിച്ചുവരവ് ഇങ്ങോട്ടേക്ക് ഉണ്ടാകില്ല എന്ന് ഏകദേശം ഉച്ചയോടെ തന്നെ തീരുമാനിച്ചു. ആദ്യദിനമായതുകൊണ്ടാവണം ദിവസത്തിലുടനീളം പല സമയങ്ങളിലായി പുതിയ കുട്ടികള്‍ ക്ലാസ്സില്‍ ജോയിന്‍ ചെയ്തുകൊണ്ടിരുന്നു. പിന്നെ എന്നെപ്പോലെ പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ ‘പാറ്റ’ അവര്‍കളുടെ സഹായവും അവര്‍ക്കുണ്ടായിരുന്നില്ലെന്നു തോന്നുന്നു. ഉച്ചയ്ക്ക് ശേഷവും പുതുമുഖങ്ങളുടെ വരവ് തുടര്‍ന്നു. അങ്ങനെ വളരെ വൈകിയെങ്കിലും കൃത്യമായ തീരുമാനമെടുത്തയാളാണ് നമ്മുടെ ജാനകിക്കുട്ടിയും. ഉച്ചഭക്ഷണത്തിന്‍റെ ആലസ്യത്തില്‍, താരാട്ടുപോലെ ഒഴുകിവരുന്ന ഇലകട്രോമാഗ്നെറ്റികസിന്‍റെ പ്രഭാഷണത്തില്‍ ലയിച്ച്, കണ്ണുകള്‍ പാതിയടച്ചു ധ്യാനനിരതനായി നിലകൊണ്ടിരുന്ന എന്‍റെ ജീവിതത്തിലേക്ക് പെട്ടെന്നൊരു ശകുന്തളയായി അവള്‍ കടന്നുവന്നു. പുതുമയുടെ സംഭ്രമം ഏതുമില്ലാതെ വാതില്‍ക്കല്‍ ആ സുന്ദരവദനം പ്രത്യക്ഷപ്പെട്ടു. ആയിരം വാട്ട് ബള്‍ബിന്‍റെ തേജസ്സോടെ അവള്‍ പുഞ്ചിരിച്ചു. ധ്യാനം തകര്‍ന്നു, പാതിയടഞ്ഞിരുന്ന കണ്ണുകള്‍ ഉന്തിത്തള്ളി പുറത്തേക്ക് ചാടാന്‍ തയ്യാറായി നിന്നു, താടിയെല്ലുകള്‍ അനുവാദമില്ലാതെ കീഴ്പോട്ടെക്ക് ചലിച്ചു. ‘അന്തം വിട്ടു വാ പൊളിച്ചു നില്‍ക്കുക’ എന്നതാണ് കൃത്യമായ സാങ്കേതിക പദം. സാറിന്‍റെ അനുവാദത്തോടെ അവള്‍ ക്ലാസ്സിലേക്ക് പ്രവേശിച്ചു. സീറ്റിലേക്ക് നടന്നുനീങ്ങി, അവള്‍ക്കൊപ്പം എന്‍റെ കണ്ണുകളും.

ഇലക്ട്രോമാഗ്നെറ്റിക്സിനു ശേഷം ഓര്‍ഗാനിക് കെമിസ്ട്രി വന്നു…..പോയി. ഞാനൊന്നും കേട്ടില്ല, യാതൊന്നും കണ്ടില്ല. ദ്രോണരുടെ പാഠശാലയിലെ മരപ്പക്ഷിയെ ഉന്നം വച്ച അര്‍ജുനന്‍റെ അവസ്ഥയിലായിരുന്നു ഞാന്‍. നമ്മുടെ മോഡേണ്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘ഐഷയെ കണ്ട വിനോദിന്‍റെ’ അവസ്ഥ. അവളുടെ ഓരോ ചലനവും ഞാന്‍ ആസ്വദിച്ചു. അവള്‍ പുഞ്ചിരിക്കുമ്പോള്‍ അറിയാതെ എന്നിലും ഒരു പുഞ്ചിരി പിറന്നു. ക്ലാസ് കഴിഞ്ഞു തിരികെയുള്ള യാത്രയിലും, വീട്ടിലെത്തിയശേഷവുമെല്ലാം ആ മനോഹര രൂപം തന്നെ മനസ്സില്‍. കോച്ചിംഗ് സെന്ററിലെ പഠനം വീക്കെന്‍ഡിലെയുള്ളൂ. ജീവിതത്തിലാദ്യമായി ദിവസവും ക്ലാസ് ഇല്ലാത്തതിന് ടീച്ചര്‍മാരെ ശപിച്ചു. കോച്ചിംഗ് സെന്ററിലെ ഡയറക്ടറെ വിളിച്ചു ദിവസവും ക്ലാസ്സെടുക്കേണ്ടതിന്‍റെ ആവശ്യകതയെപറ്റി ഒരു നീണ്ട പ്രസംഗം തന്നെ നടത്തി. ഇതിനിടക്ക് വച്ച് ‘മുങ്ങാനുള്ള’ പ്ലാന്‍ ഞാന്‍ ഉപേക്ഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തിങ്കളാഴ്ചയെ വെറുക്കുന്നതും, വെള്ളിയാഴ്ച്ചക്ക് വേണ്ടി കാത്തിരിക്കുന്നതും എല്ലാ കുട്ടികളുടെയും ശീലമാണ്, എന്നാല്‍ വീക്കെന്‍ഡ് കോച്ചിംഗ് ക്ലാസ്സിനു ജോയിന്‍ ചെയ്ത ഒരു കൌമാരക്കാരന്‍ ഈ ഗണത്തില്‍ പെടുമോ എന്ന് ചോദിച്ചാല്‍.., സംശയമാണ്. പക്ഷെ ഞാന്‍ പെട്ടു, എല്ലാ അർത്ഥത്തിലും!. തുടര്‍ന്നുള്ള വീക്കെന്‍ഡുകളിലും വളരെ കൃത്യമായി ഈ വായ്നോട്ടം തുടര്‍ന്നു. വായ്നോട്ടത്തിന് പറ്റിയ കൃത്യമായ ആംഗിളും സ്ഥാനവും മനസ്സിലാക്കി ഇരുത്തം അങ്ങോട്ടേക്ക് മാറ്റി. ജാനകി യാത്ര ചെയ്യുന്ന ബസ്സിന്‍റെ സമയവും ബസ്സ്റൊപ്പിന്‍റെ ലൊക്കെഷനും കണ്ടെത്തി വായ്നോട്ടത്തിന്‍റെ വ്യാപ്തി അങ്ങോട്ടേക്ക് വര്‍ദ്ധിപ്പിച്ചു. ഞാന്‍ ഇത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും തിരികെ ജാനകിയില്‍ നിന്ന് ഒരു പ്രതികരണമോ കൃത്യമായ ഒരു നോട്ടമോ പോലും എനിക്ക് കിട്ടിയില്ല എന്നതാണ് വാസ്തവം. അവള്‍ എപ്പോഴും അവളുടേതായ ഒരു ലോകത്തിലാണെന്ന് തോന്നിച്ചു. ചുറ്റും നടക്കുന്നതൊന്നും അവളെ ബാധിക്കാത്തതുപോലെ. സാധാരണ പെണ്‍കുട്ടികളില്‍ ഉണ്ടാകാറുള്ള ഒളികണ്ണേറോ, ‘ഞാനൊന്നും കാണുന്നില്ലേ’ എന്ന വ്യാജഭാവമോ ഞാന്‍ ജാനകിയില്‍ കണ്ടില്ല. അനാവശ്യമായ ഒരു ശബ്ദമോ, ചലനമോ പോലും ആ പെണ്‍കുട്ടിയില്‍ ഉണ്ടാകുന്നില്ല എന്ന് തോന്നി.

ദിവസങ്ങള്‍ അതിവേഗം കടന്നുപോയി, ഈ വായ്നോട്ടമല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ഒന്ന് സംസാരിക്കാനോ അടുത്തിഴപഴകാനോ ഉള്ള അവസരങ്ങളൊന്നും ഉണ്ടായില്ല. അതിനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല എന്നതാണ് ശരി. മനസ്സില്‍ പല പദ്ധതികളും ആസൂത്രണം ചെയ്തെങ്കിലും അവളുകെ മുഖം കാണുമ്പോള്‍, ആ ചിരി കാണുമ്പോള്‍ പദ്ധതികളെല്ലാം താറുമാറാകും. എന്‍റെ ഒരു വാക്കുകൊണ്ട് ജാനകിയുടെ മുഖത്തെ പുഞ്ചിരി മായുന്നതു കാണാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടില്ല. അങ്ങനെ നാളുകള്‍ കടന്നുപോയി, പ്രണയത്തിന്‍റെ കാലനായി എന്‍ട്രന്‍സ് എക്സാം അവതരിച്ചു. ഈ കാലഘട്ടം ഞാന്‍ എങ്ങനെയാണ് തള്ളിനീക്കിയതെന്നു എനിക്കും ഈശ്വരനും മാത്രമേ അറിയുകയുള്ളൂ. മറ്റുള്ളവര്‍ അവസാനവട്ട റിവിഷന്‍റെയും, മോക്ക് എക്സാമിന്‍റെയും ലോകത്തിലായിരുന്നപ്പോള്‍, എന്‍റെ ലോകത്തില്‍ അവള്‍ മാത്രം, ജാനകി! ഇനിയൊരിക്കലും അവളെ കാണാന്‍ കഴിയില്ല എന്ന ചിന്ത എന്നെ ഭ്രാന്ത് പിടിപ്പിച്ചു. മസ്തിഷ്കം ചുട്ടുപഴുത്തു. ഫിസിക്സും, കെമിസ്ട്രിയും മാത്തമാറ്റിക്സുമൊക്കെ തലയില്‍ കയറാന്‍ വിസമ്മതിച്ചു നിന്നു. എക്സാമിലെ എന്‍റെ പരാജയത്തിനു കാരണം ഇതാണ് എന്ന് ഞാന്‍ പറയുന്നില്ല. അഥവാ പറഞ്ഞാലും എന്നെ അറിയുന്നവരാരും അത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. എന്തായാലും ആ നിമിഷവും കടന്നുപോയി, ’എങ്ങനെ’ എന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ഞാന്‍ അശക്തനാണ്. എക്സാം കഴിഞ്ഞു. ജാനകിയുടെ മുഖം എന്നെന്നേക്കുമായി എന്നില്‍ നിന്നും അകന്നുപോയി, അല്ലെങ്കില്‍ ഞാന്‍ അങ്ങനെ കരുതി. എന്നാല്‍ ഈ കഥയിലെ ഈശ്വരന്‍ അത്ര ക്രൂരനല്ലാത്തത് കൊണ്ടാകണം നഷ്ട്ടപ്പെട്ടെന്നു കരുതിയ ആ ആയിരം വാട്ടിന്‍റെ പുഞ്ചിരി വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

***

ബിടെക് എന്ന ബാലികേറാമല ചാടിക്കടന്നു, ഒരു ചെറിയ കമ്പനിയില്‍ അതിലും ചെറിയ ഒരു ജോലി തരപ്പെടുത്തിയ കാലം. ജോലി കഴിഞ്ഞു തിരികെ വീട്ടിലേക്കുള്ള യാത്രയിലാണ് ഞാന്‍. നമ്മുടെ ഗവണ്മെന്റ് ശകടമായ കെഎസ്ആർടിസിയില്‍ ആണ് യാത്ര. പുറത്ത് കോരിച്ചൊരിയുന്ന മഴ, മറ്റൊരു ജൂണ്‍മാസം.

ട്രാഫിക്‌ ലൈറ്റിന്‍റെ രക്തവര്‍ണ്ണത്തില്‍ കടിഞ്ഞാണിട്ടുനിന്ന ആനവണ്ടിയില്‍ നിന്ന് പുറത്തേക്കു നോക്കി മഴ ആസ്വദിക്കുകയായിരുന്നു ഞാന്‍. ഒരു തിരക്കുള്ള ജംഗ്ഷനാണ് സംഭവസ്ഥലം. പെട്ടെന്നാണ് അത് സംഭവിച്ചത്, മഴയ്ക്കിടെ കൂടണയാന്‍ ധൃതികൂട്ടുന്ന ആളുകള്‍ക്കിടയില്‍ ഞാനാ മുഖം കണ്ടു. ആയിരം വാട്ടിന്‍റെ ആ പുഞ്ചിരി കണ്ടു. ട്രാഫിക്‌ ലൈറ്റ് പച്ച കത്തി, വണ്ടി നീങ്ങിത്തുടങ്ങി. പെട്ടെന്നൊരാവേശത്തില്‍ ഞാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റു. ‘ആളിറങ്ങാനുണ്ടേ’ എന്നൊരു മുദ്രാവാക്യത്തോടെ കണ്ടക്ടറുടെ തെറി വിളി അവഗണിച്ചു വണ്ടിയില്‍ നിന്ന് പുറത്തേക്കു ചാടി. എന്തോ ഒരു ധൈര്യത്തില്‍ അവള്‍ക്കു നേരെ കുതിച്ചു. ജാനകി പെട്ടെന്ന് തിരിഞ്ഞു എന്നെ നോക്കി. ഞാന്‍ അവള്‍ക്കഭിമുഖമായി നിന്നു. എന്‍റെ ജാനകി!! നഷ്ട്ടപ്പെട്ടെന്നു കരുതിയ എന്‍റെ ജാനകി അതാ കയ്യെത്തും ദൂരത്ത്, എന്‍റെ തൊട്ടുമുന്നില്‍! സ്വപ്നം കാണുകയാണോ? എന്തൊക്കെയോ ചോദിക്കണം എന്ന് തോന്നി, എന്നാല്‍ അത് തോന്നല്‍ ആയി തന്നെ അവശേഷിച്ചു. നാക്ക് പൊന്തുന്നില്ല, ശരീരമാകെ വിറക്കുന്നു, മുഖത്തെ പേശികള്‍ പോലും വിറകൊള്ളാന്‍ തുടങ്ങി. ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു, എന്നാല്‍ അത് രംഗം കൂടുതല്‍ ഭയാനകമാക്കുകയാണ് ചെയ്തത്. കയ്യില്‍ കുടയില്ല എന്നൊരു സത്യം ഇതിനിടയ്ക്ക് എപ്പൊഴോ ഞാന്‍ മനസിലാക്കി. കോരിച്ചൊരിയുന്ന മഴയത്ത് തന്നെ തുറിച്ചു നോക്കി, ഭീകരമായി ചിരിച്ചുകൊണ്ട് നില്‍ക്കുന്ന രൂപത്തെ പേടിയോടെ ആ പെണ്‍കുട്ടി നോക്കി നിന്നു. അവള്‍ ഭയന്നു തിരിഞ്ഞു നടന്നു, വീണ്ടും തിരിഞ്ഞുനോക്കി. അവള്‍ ഓരോ തവണ തിരിഞ്ഞു നോക്കുമ്പോഴും ഞാന്‍ എന്‍റെ ഭീകരമായ പുഞ്ചിരി പുറത്തെടുത്തു. ഞാന്‍ നോക്കിനില്‍ക്കെ വീണ്ടും ഒരിക്കല്‍ക്കൂടി എന്‍റെ ജാനകി ആള്‍ക്കൂട്ടത്തിനിടയിലേക്ക് അപ്രത്യക്ഷയായി. എന്നാല്‍ ഇത്തവണ പെട്ടെന്നൊരു തോല്‍വി സമ്മതിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഈശ്വരന്‍ രണ്ടാമതൊരു അവസരം തന്നിട്ട് അത് ഉപയോഗപ്പെടുത്താതിരിക്കുന്നത് ശരിയല്ലല്ലോ. എന്‍റെ താമസസ്ഥലത്തിനു സമീപം തന്നെയാണ് ഞാന്‍ ജാനകിയെ കണ്ടുമുട്ടിയ ലൊക്കേഷനും. പിന്നെ ഒരു നീണ്ട അന്വേഷണമായിരുന്നു. ജാനകിയും കുടുംബവും അടുത്തുള്ള ഒരു വാടകവീട്ടിലേക്ക്‌ താമസം മാറി വന്നതാണെന്ന് ഞാന്‍ മനസ്സിലാക്കി. എന്‍റെ വീട്ടില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം. ജാനകിയുടെ അച്ഛന് ജോലിമാറ്റം കിട്ടിയതാണ് അവരുടെ വീടുമാറ്റത്തിന്‍റെ ഹേതു. വീടിന്‍റെ കൃത്യമായ ലോക്കഷനും ഞാന്‍ കണ്ടെത്തി. ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു എന്ന് ചോദിച്ചാല്‍, ഗെയിം ഓഫ് ത്രോണ്‍സിലെ ജേമി ലാനിസ്റ്റെര്‍ പറഞ്ഞ പോലെ “തിങ്ങ്സ്‌ ഐ ഡു ഫോര്‍ ലവ്..” (ഈ അന്വേഷണത്തിനു വേണ്ടി ആരെയും ശാരീരികമായോ മാനസികമായോ വേദനിപ്പിച്ചിട്ടില്ല എന്ന് കൂടി ഇതിനാല്‍ അറിയിച്ചുകൊള്ളട്ടെ). പിന്നൊരു തീരുമാനമെടുക്കാനുള്ള പ്രയത്നമായിരുന്നു. അവളെ വീണ്ടും കണ്ടതുമുതല്‍ ഇരിപ്പുറച്ചിട്ടില്ല എന്നതാണ് സത്യം. എങ്ങനെയും ജാനകിയെ സ്വന്തമാക്കണം എന്നൊരാഗ്രഹം മനസ്സില്‍ പൊട്ടിമുളച്ചു, വെള്ളമോ വളമോ കൂടാതെ അതങ്ങ് വളര്‍ന്നു വന്‍വൃക്ഷമായി. ഉറക്കം നഷ്ട്ടപ്പെട്ടു. കണ്ണടക്കുമ്പോഴെല്ലാം ആ പുഞ്ചിരി മാത്രം, ആയിരം വാട്ടിന്‍റെ പുഞ്ചിരി!. അവസാനം ജാനകിയെ വീട്ടില്‍ പോയി കാണാനും അവളുടെ മാതാപിതാക്കളോട് സംസാരിക്കാനും ഞാന്‍ തീരുമാനിച്ചു.

അങ്ങനെ ഒരു വെള്ളിയാഴ്ച ഈ കര്‍മ്മത്തിനായി തിരഞ്ഞെടുത്തു. ഓഫീസില്‍ അന്നേക്ക് ലീവെടുത്തു. രാവിലെ ഉണര്‍ന്നതു മുതല്‍ നെഞ്ചിടിപ്പ് തുടങ്ങി. ഉണര്‍ന്നു എന്ന് പറഞ്ഞാല്‍ അതൊരു കളവാണ്, തലേരാത്രി ഉറങ്ങിയിട്ടില്ല എന്നതാണ് സത്യം. എന്തൊക്കെ വന്നാലും പിന്തിരിയില്ല എന്ന ഉറച്ചൊരു തീരുമാനമെടുത്തു. എന്നെക്കൊണ്ടാകും വിധമൊക്കെ അണിഞ്ഞൊരുങ്ങി, പുറപ്പെട്ടു. അതും മഴയ്ക്ക്‌ ശേഷമുള്ള ഒരു ദിവസമായിരുന്നു. ആകെ തണുത്ത ഒരന്തരീക്ഷം. ആ തണുപ്പിലും ഞാന്‍ വിയര്‍ത്തുകുളിച്ചു. ജാനകിയുടെ വീടിന്‍റെ ഗേറ്റിനു മുന്നില്‍ ഞാന്‍ പകച്ചു നിന്നു. ഗേറ്റിന്‍റെ ലോക്ക് മാറ്റവേ എങ്ങുനിന്നോ ഒരു കുളിര്‍തെന്നല്‍ വീശി. ഞാന്‍ കണ്ണുകളടച്ചു, ദീര്‍ഘമായി ഉച്ഛസിച്ചു, നാസാഗഹരങ്ങളിലൂടെ ആ തെന്നല്‍ ഉള്ളിലേക്ക് പടര്‍ന്നു കയറി. എവിടെ നിന്നോ ഒരു ധൈര്യം കൈവന്നപോലെ! കണ്ണുകള്‍ തുറന്ന എന്‍റെ മുന്നിലേക്ക് മറ്റൊരു തെന്നല്‍ പോലെ അവള്‍ പ്രത്യക്ഷപ്പെട്ടു. പക്ഷെ ഇപ്പോള്‍ ആ മുഖത്തു ആയിരം വാട്ടിന്‍റെ പുഞ്ചിരിയില്ല

സുഹൃത്തുക്കളെ! വിധി പ്രവചനാതീതമാണ്‌. നിങ്ങള്‍ നഷ്ട്ടപ്പെട്ടെന്നു കരുതുന്നതിനെ വീണ്ടും നിങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ട് വന്നു നിങ്ങളെ അത് കൊതിപ്പിക്കും, പിന്നെ വീണ്ടും അടര്‍ത്തിമാറ്റും. ജീവിതം ക്ലേശകരമാണ്, നന്മയും നീതിയും കടലാസ്സില്‍ മാത്രമൊതുങ്ങുന്ന വെറും വാക്കുകള്‍. ഞാനിത് എഴുതുമ്പോള്‍ എനിക്കെതിരെ സോഫയില്‍ ചാരിയിരുന്നു അവള്‍, എന്‍റെ സഹധര്‍മ്മിണി ജാനകി എന്നെ നോക്കി പുഞ്ചിരിക്കയാണ്! ആയിരം വാട്ടിന്‍റെ പുഞ്ചിരി! അതെ സുഹൃത്തുക്കളെ, ഞാന്‍ പറഞ്ഞില്ലേ, ജീവിതം ക്ലേശകരമാണ്, വിധി പ്രവചനാതീതമാണ്‌, പക്ഷെ.. ഈ കഥയിലെ ഈശ്വരന്‍ ഒരിക്കലും ക്രൂരനല്ല..

ശുഭം

2 thoughts on “തെന്നല്‍പോലെ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s